തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പഠിക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ നിയോഗിച്ച കമ്മീഷന് ഓഫീസ് അനുവദിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനാകാതെ കമ്മീഷൻ. ജസ്റ്റീസ് ജെ.ബി കോശി അധ്യക്ഷനായ കമ്മീഷനിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ,മുൻ ഡി ജിപി ജേക്കബ് പുന്നൂസ്, എന്നിവരാണ് അംഗങ്ങൾ.
കമ്മീഷന് സർക്കാർ ജീവനക്കാരും ഓഫീസും അനുവദിക്കാത്തതിനാൽ പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനാണ് ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുന്നത്.
കമ്മീഷന് അംഗങ്ങളെയും സെക്രട്ടറിയേയും തീരുമാനിച്ച് ആറുമാസമായിട്ടും ഓഫീസ് സജ്ജമാക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ നിയമനത്തിന്റെ നടപടികള്‍ ധനകാര്യവകുപ്പില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ജസ്റ്റീസ് ജെ.ബി കോശി പറയുന്നു. ജീവനക്കാരെ നല്കിയാല് കമ്മീഷന് പൂര്‍ണതലത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ പ്രബല സമുദായ സീറോ മലബാർ സഭയിൽ നിന്ന് കമ്മീഷനിൽ അംഗങ്ങൾ ഇല്ലാത്തതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.