തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും മധ്യവയസ്‌ക്കരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കകുകള്‍ സൂചിപ്പിക്കുന്നു. രോഗബാധിതരായവരില്‍ കൂടുതല്‍ 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
21നും 30നും ഇടയില്‍ പ്രായമുള്ള 2,61,232 പേര്‍ക്കാണ് രണ്ടാം തരംഗത്തില്‍ കൊറോണ ബാധിച്ചത്. ഇതിനു പുറമെ 31നും 40നും ഇടയില്‍ പ്രായമുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും കൊറോണ ബാധിച്ചെന്നും വീണ ജോര്‍ജ് പറഞ്ഞു.
മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 81നും 90നും ഇടയില്‍ പ്രായമുള്ള 17,105 പേര്‍ക്ക് കൊറോണ ബാധിച്ചു. ഇതില്‍ 502 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. നിയമസഭയില്‍ ഐ ബി സതീഷ് എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.
71 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസുവരെ പ്രായമുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്. മേയ് 31 വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ വച്ചത്.