ന്യൂഡെല്‍ഹി: കുട്ടികളില്‍ കൊറോണയ്ക്ക് എതിരായ വാക്സിന് കൊവാക്സിന് ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുത്ത് ഡെല്‍ഹി എയിംസ്. രണ്ട് വയസിനും 18 വയസിനുമിടയിലുള്ള കുട്ടികളില്‍ കൊറോണ വാക്സിന് കുത്തിവയ്പ് ഫലപ്രദവും സുരക്ഷിതവും ആണോ എന്നാണ് പരീക്ഷിക്കുന്നത്.
പാട്നയിലെ എയിംസിലും സമാനമായ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കുട്ടികള്‍ക്ക് കൊറോണ വാക്സിന് പരീക്ഷണം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ മെയ് 11 നാണ് അനുമതി നല്‍കിയത് .
മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷണം. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നും നിരീക്ഷണമുണ്ട്. കൊറോണ മൂന്നാം തരംഗം രണ്ടാം തരംഗത്തോളമോ അതിനെക്കാള്‍ ഏറെയോ ആകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതിനാല്‍ മൂന്നാം തരംഗത്തിന് മുന്‍പ് പരമാവധി പേരില്‍ വാക്സിന് എത്തിക്കുകയാണ് പ്രധാനമായും സ്വീകരിക്കേണ്ട മുന്‍കരുതലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള കൊവാക്സിന്, കൊവിഷീല്‍ഡ്, സ്പുട്നിക് വി എന്നിവ കുട്ടികളില്‍ കുത്തിവെയ്ക്കാനുള്ള അനുമതി നേടിയിട്ടില്ല. അതിനായുള്ള പരീകഷണങ്ങളാണ് നിലവില്‍ നടക്കുന്നത്.
രണ്ടിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളില്‍ കൊറോണ വാക്സിന്റെ രണ്ട് – മൂന്ന് ഘട്ടങ്ങളുടെ പരിശോധന നടത്തുമെന്നു നീതി ആയോഗ് അംഗമായ ഡോ. വി കെ പോള്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
നിലവില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് കുട്ടികളില്‍ കൊറോണ വാക്സിന് കുത്തിവെയ്പ്പ് നടത്തുന്നത്. അമേരിക്കയും കാനഡയും ഫൈസര്‍ വാക്സിന് ചില പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.