ന്യൂഡെൽഹി: കൊറോണ പരിശോധനയ്ക്ക് ഇനി ആശുപത്രികളും ലാബുകളും കയറി ഇറങ്ങേണ്ട. സ്വയം വൈറസ് പരിശോധന നടത്താൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് ‘കൊവിസെൽഫ്’ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും.250 രൂപയാണ് കിറ്റിന്റെ വില. സർക്കാരിന്റെ ഇമാർക്കറ്റിങ് സൈറ്റിലും കൂടാതെ ഫ്ലിപ്കാർട്ടിലും കിറ്റ് ലഭ്യമാകുമെന്നും നിർമാതാക്കളായ മൈലാബ് ഡിസ്ക്കവറി സൊലൂഷൻസ് അറിയിച്ചു.
ഐസിഎംആർ അംഗീകരിച്ച ടെസ്റ്റിംഗ് കിറ്റ് ‘കൊവിസെൽഫ് ‘ പൂനെയിലെ മൈലാബ് ഡിസ്ക്കവറി സൊലൂഷൻസാണ് പുറത്തിറക്കിയത്. ‘സ്വയം പരിശോധന ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കും. എല്ലായിടത്തും കൊവിസെൽഫ് കിറ്റ് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്.’ മൈലാബിന്റെ മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു.
കിറ്റിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. പരിശോധനയുടെ ഫലം 15 മിനിട്ടിനുള്ളിൽ അറിയാൻ സാധിക്കും. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവർ കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. കൂടാതെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാകണമെന്നും ഐസിഎംആർ അറിയിച്ചു.