കോലഞ്ചേരി: അഞ്ചാമത്തെ കുട്ടിയായ നവജാത ശിശുവിന്റെ മൃതദേഹം പാറമടയിൽ കല്ലുകെട്ടി താഴ്ത്തിയ സംഭവത്തിൽ അമ്മയെ റിമാൻഡ് ചെയ്തു. തിരുവാണിയൂർ ആറ്റിനിക്കര തെക്കുചേരിമലയ്ക്കു സമീപം താമസിക്കുന്ന ശാലിനി(40)യെയാണ് ആശുപത്രിയിൽ റിമാൻഡ് ചെയ്തത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെത്തുടർന്നു ഗുരുതരാവസ്ഥയിലായ യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയാണു യുവതി ആണ്കുഞ്ഞിനു ജന്മം നല്കിയത്. കുഞ്ഞില്ലാതെ ആശുപത്രിയിലെത്തിയ യുവതിയുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ പാറമടയിൽ എറിഞ്ഞതായി വ്യക്തമായത്. യുവതിക്കു വേറെ നാല് മക്കൾ കൂടിയുണ്ട്. ഭർത്താവ് ഒരു വർഷമായി ഇവർക്കൊപ്പമല്ല താമസിക്കുന്നതെന്നു പോലീസ് പറഞ്ഞു.
യുവതിയെ വ്യാഴാഴ്ച ഉച്ചയോടെ ആംബുലൻസിൽ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. പാറക്കെട്ടിന് മുകളിൽനിന്നു കുഞ്ഞിനെ ഇട്ട സ്ഥലം ഇവർ പോലീസിന് കാണിച്ചുകൊടുത്തു. യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു യുവതിയുടെ പെരുമാറ്റം.
തുണിയിൽ പൊതിഞ്ഞു കല്ലുകെട്ടി താഴ്ത്തിയനിലയിലുള്ള ചോരക്കുഞ്ഞിന്റെ മൃതദേഹം പായൽ മൂടിയ പാറമടയിൽനിന്നു ഫയർഫോഴ്സിന്റെ സ്കൂബാ ടീം പുറത്തെടുക്കുകയായിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്പി ജി അജയ്നാഥ്, സിഐ യു രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.