ഡെല്‍റ്റ വകഭേദത്തിന് തീവ്രവ്യാപനശേഷി ; ഇന്ത്യയിൽ രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെല്‍റ്റ : പഠന റിപ്പോര്‍ട്ട്

ന്യൂഡെൽഹി : കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റ് ആണ് ഇന്ത്യയില്‍ കൊറോണ രണ്ടാം തരംഗം രൂക്ഷമാക്കാനും അതിവേഗ വ്യാപനത്തിനും കാരണമെന്ന് സര്‍ക്കാര്‍ പഠനം. ബി.1.617.2 സ്‌ട്രെയിന്‍ അല്ലെങ്കില്‍ ഡെല്‍റ്റ വകഭേദം യുകെയിലെ കെന്റില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ വകഭേദത്തെക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണെന്നും പഠനത്തില്‍ പറഞ്ഞു.

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തിന്റെ തോത് ആല്‍ഫയെക്കാള്‍ 50 ശതമാനത്തില്‍ അധികമാണെന്നാണു കണ്ടെത്തല്‍. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷനല്‍ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളുമാണു പഠനം നടത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12,200ല്‍ അധികം ആശങ്കയുയര്‍ത്തുന്ന കൊറോണ വകഭേദങ്ങളാണ് ഇതുവരെ ജീനോമിക് സീക്വന്‍സിങ് വഴി കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു വകഭേദങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. എന്നാല്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ ഭൂരിഭാഗം വകഭേദങ്ങള്‍ക്കും ഡെല്‍റ്റ വേരിയന്റിന്റെ സ്വഭാവമാണുള്ളത്.

എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ സാന്നിധ്യം ഉണ്ട്. ന്യൂഡെൽഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു രണ്ടാം ഘട്ടത്തില്‍ രൂക്ഷ വ്യാപനം ഉണ്ടായത്. വാക്സീന്‍ എടുത്ത ആളുകളില്‍ ഉണ്ടാകുന്ന ബ്രേക് ത്രൂ വ്യാപനത്തിലും ഡെല്‍റ്റ വേരിയന്റ് വലിയതോതില്‍ കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

വാക്‌സീന്‍ സ്വീകരിച്ചവരില്‍ വീണ്ടും കൊറോണ ഉണ്ടാക്കാന്‍ ആല്‍ഫ വകഭേദത്തിനു കഴിഞ്ഞതായി കണ്ടെത്താനായിട്ടില്ല. അതേസമയം രോഗികളുടെ നില അതീവ ഗുരുതരമാക്കാനും മരണത്തിലേക്കു വഴിതെളിക്കാനും ഡെല്‍റ്റ വകഭേദത്തിനു സാധിക്കുമെന്നും കണ്ടെത്താനായിട്ടില്ല. 29,000 സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് ആണ് ഇന്ത്യയില്‍ നടത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ ബി.1.617 വകഭേദം 8,900 സാമ്പിളുകളിലാണ് കണ്ടെത്തിയത്. ഇതില്‍ ആയിരത്തിലധികം ഡെല്‍റ്റ വകഭേദമാണ്.