മുംബൈ : തല്ലുമെന്ന് ഭീഷണിപ്പെടുത്തി മഹാരാഷ്ട്രയിൽ എട്ട് വയസ്സുകാരനെ കൊണ്ട് കൊറോണ സെന്ററിലെ ശുചിമുറികൾ കഴുകിച്ചു. കുട്ടിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ച പഞ്ചായത്ത് സമിതി ജീവനക്കാരനെ ജില്ലാ ഭരണകൂടം സസ്പെന്റ് ചെയ്തു. ബുൾദാന ജില്ലയിലെ മരോഡ് ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്കൂളിലുള്ള കൊറോണ നിരീക്ഷണ കേന്ദ്രത്തിന്റെ ശുചിമുറികളാണ് എട്ട് വയസ്സുകാരനെ കൊണ്ട് വൃത്തിയാക്കിച്ചത്.
മെയ് 29 ന് ജില്ലാ പരിഷത്ത് സ്കൂളിലെ കൊറോണ നിരീക്ഷണ കേന്ദ്രം സന്ദർശിക്കാനായി ജില്ലാ മജിസ്‌ട്രേറ്റ് എത്തുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് സംഗ്രാംപൂർ പഞ്ചായത്ത് സമിതിയിലെ ഗ്രൂപ്പ് ഡെവലപ്‌മെന്റ് ഓഫീസർ സ്‌കൂളുകൾ വൃത്തിയാക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്താനും ഉത്തരവിട്ടിരുന്നു.
ശുചിമുറി വൃത്തിയാക്കാൻ പലരും വിസമ്മതിച്ചു. തുടർന്നാണ് ബന്ധുക്കളെ കാണാൻ ഗ്രാമത്തിലെത്തിയ എട്ട് വയസ്സുകാരനോട് ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പഞ്ചായത്ത് സമിതിയിലെ ജീവനക്കാരൻ ആവശ്യപ്പെട്ടത്.
വൃത്തിയാക്കിയില്ലെങ്കിൽ തല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു . ശുചിമുറി വൃത്തിയാക്കിയതിന്റെ കൂലിയായി കുട്ടിക്ക് 50 രൂപയും നൽകി . എട്ടു വയസ്സുകാരൻ ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പഞ്ചായത്ത് സമിതി ജീവനക്കാരനെ ജില്ലാ ഭരണകൂടം സസ്‌പെൻഡ് ചെയ്തു.
“ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കും. വീഡിയോയിൽ കണ്ട ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും. ”- ജില്ലാ ഓഫീസർ എസ് രാമമൂർത്തി അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ മാത്രം 8000 കുട്ടികൾക്ക് മെയ് മാസത്തിൽ കൊറോണ പോസിറ്റീവ് ആയത് രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു എന്നാൽ ഇതിനു പിന്നാലെയാണ് കൊറോണ നിരീക്ഷണ കേന്ദ്രത്തിലെ ശുചിമുറി വൃത്തിയാക്കാൻ എട്ട് വയസ്സുകാരനെ നിയോഗിച്ചത്.