കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അര്‍ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ ആസൂത്രിതമായ കള്ളപ്രചാരവേലയും നുണപ്രചാരണവും നടക്കുകയാണ്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കിൽ അതിനോട് സഹകരിക്കുമെന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
കൊടകര കേസിൽ ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കൾക്കും എതിരെ വാര്‍ത്തകൾ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഡോളര്‍കടത്തും സ്വര്‍ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കം നടക്കുന്നത്. സിപിഎം പാർട്ടി ഫ്രാക്ഷൻ എന്ന നിലയിൽ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകൾ അടിച്ച് വിടുന്നത്. എന്നാൽ സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ല.
ഒന്നും മറച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുകയോ കൊറോണ പോസിറ്റീവായെന്ന് പറയുകയോ തലയിൽ മുണ്ടിടുകയോ ചെയ്യാതെ ചോദ്യം ചെയ്യലിന് എത്തുന്നത്. കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു.