തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഭരണപക്ഷം ഏറ്റെടുത്തതോടെയാണ് ബഹളത്തിൽ കലാശിച്ചത്. സംസ്ഥാന സർക്കാർ കൊറോണ മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസിൽ നൽകിയ ഡോ. എം.കെ. മുനീർ ആരോപിച്ചു.
മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിൻ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സിൻ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നിൽനിൽക്കുന്നത്. വാക്സിനേഷന് പത്തനംതിട്ടക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്നും മുനീർ ആരോപിച്ചു.
കേന്ദ്രത്തിന്റേത് തെറ്റായ വാക്സിൻ നയമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ വ്യക്തമാക്കി. ദേശീയ ശരാശരിയെക്കാൾ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നതാണ് സർക്കാരിന്റെ നയമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
കൊറോണക്കെതിരേ സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലാണ്. ലോകത്തിന് മാതൃകയാണ് കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രിയുടെ പരാമർശം സഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചു.
കൊറോണ വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആരോഗ്യ മന്ത്രി പരാമർശം പിൻവലിക്കമെന്ന് ആവശ്യപ്പെട്ടു. പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റൊരു തരത്തിൽ കാണരുതെന്ന് എം.കെ. മുനീറും പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.