കല്യാണക്കാരേ ഇതിലേ ഇതിലേ; വിവാഹ ആഭരണങ്ങൾ വാങ്ങാൻ പുറത്തിറക്കാൻ ക്ഷണക്കത്ത് കാണിക്കണം; ക്ഷണക്കത്ത് അച്ചടിക്കാൻ എവിടെ പോകും? ; കർക്കശമെന്ന് തോന്നിക്കാൻ വിചിത്രമായ കുറെ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: കൊറോണ നിയന്ത്രങ്ങൾ കർക്കശമെന്ന് തോന്നിക്കാൻ ലോകത്തൊരിടത്തുമില്ലാത്ത വിചിത്രമായ കുറെ നിർദ്ദേശങ്ങൾ! . വിവാഹ ആഭരണങ്ങൾ വാങ്ങാൻ പുറത്തിറങ്ങണമെെങ്കിൽ ക്ഷണക്കത്ത് കാണിക്കണം. ക്ഷണക്കത്ത് അച്ചടിക്കണമെങ്കിൽ എവിടെ പോകും? സ്റ്റേഷനറി കടകൾ തുറക്കാൻ പാടില്ല, അപ്പോൾ പല വ്യഞ്ജന കടകൾക്കൊപ്പം സ്റ്റേഷനറി സാധനങ്ങൾ ഉണ്ടെങ്കിലോ?

സ്വർണ്ണക്കടക്കാരും ചെരിപ്പ് കടക്കാരും കല്യാണ വീട്ടുകാരെ കാത്ത് കണ്ണിൽ എണ്ണയൊഴിച്ച് ഇരുപ്പാണ്. കൊറോണക്കാലത്തെ കല്യാണക്കാർക്ക് ഓഫറുകൾ നൽകാൻ കാത്തിരിക്കുകയാണ് കടക്കാർ.

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി 20 പേർക്കായി ചുരുക്കിയതോടെ പലരും ക്ഷണക്കത്ത് അച്ചടിക്കാതെയായി. എന്നാൽ സർക്കാരിന്റെ പുതിയ മാർഗനിർദേശം അനുസരിച്ച് വിവാഹ ആവശ്യത്തിനായി വസ്ത്ര–ആഭരണ ശാലകളിലും ചെരിപ്പു കടകളിലും പ്രവേശിക്കണമെങ്കിൽ വിവാഹ ക്ഷണക്കത്ത് നിർബന്ധമാണ്. മറ്റാർക്കും ഈ കടകളിൽ പോകാനും അനുമതിയില്ല. പേരിനൊരു കത്തടിക്കാമെന്നു തീരുമാനിച്ചാലും ലോക്ഡൗണിൽ അച്ചടി സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുമില്ല.

തിങ്കളാഴ്ച പുറത്തിറക്കിയ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊന്ന് ‘സ്റ്റേഷനറി കടകൾ തുറക്കരുത്’ എന്നതാണ്. ഇവ ഏതെല്ലാം കടകളാണെന്നതാണു സംശയം. സ്റ്റേഷനറി കടകളിൽ ഒപ്പം പലവ്യഞ്ജനം വിൽക്കുന്നവയുമുണ്ട്. അവയ്ക്കു തുറക്കാമോയെന്നു വ്യക്തമല്ല. സർക്കാരിന്റെ ഉന്നത തലങ്ങളിൽ വിശദീകരണം തേടിയെങ്കിലും പലതരം മറുപടികളാണു ലഭിച്ചത്.

മറ്റു രോഗങ്ങളുള്ളവർ പൊതു ഇടങ്ങളിൽ പോകുന്നത് ഒഴിവാക്കി പരമാവധി വീട്ടിൽ കഴിയണമെന്നാണു വിദഗ്ധ നിർദേശം. എന്നാൽ ഇവർക്കു കൊറോണ വാക്സിനേഷനിൽ മുൻഗണന കിട്ടണമെങ്കിൽ അംഗീകൃത മെഡിക്കൽ പ്രാക്ടീഷനറിൽനിന്നു നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാണ്.