കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമഭ തിരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് നേതാക്കളുടെ മനംമാറ്റം.
തിരികെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപേന്ദു വിശ്വാസാണ് ഇപ്പോള്‍ മമതാ ബാനര്‍ജിക്ക് കത്തെഴുതിയിരിക്കുന്നത്. തനിക്ക് തെറ്റുപറ്റി, തൃണമൂല്‍ വിടാനുള്ള തീരുമാനം തെറ്റായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ വെറുതെയിരിക്കേണ്ടിവരുമെന്ന തോന്നലിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നും ദീപേന്ദു മമതയ്ക്ക് അയച്ച കത്തില്‍ പറയുന്നു. അതിനാല്‍ തിരികെ തൃണമൂലില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ദീപേന്ദു ആവശ്യപ്പെടുന്നു.
ബസിര്‍ഹട്ട് ദക്ഷിണ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയിരുന്ന ദീപേന്ദു ബിശ്വാസ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബംഗാളില്‍ തൃണമൂല്‍ പരാജയപ്പെടുമെന്ന മുന്‍വിധിയോടെയാണ് ഒരു കൂട്ടം നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുകയും മമതായുടെ നേത്ൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയുമായിരുന്നു.
തിരഞ്ഞടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ മമതാ ബാനര്‍ജി നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു നേതാക്കളുടെ കൊഴിഞ്ഞുപോകല്‍. പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയും തിരികെ വരാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. സോണാലി ഗുഹ,സരള മുര്‍മു തുടങ്ങിയ നേതാക്കാളും തൃണമൂലിലേക്ക് തിരികെ വരാനുള്ള ആഗ്രഹം വ്യക്തമാക്കിയിട്ടുണ്ട്.