ന്യൂഡെൽഹി: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാദ്ധ്യായക്കെതിരെ കേന്ദ്രത്തിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. പേഴ്സണൽ ആന്റ് ട്രയിനിങ് വകുപ്പിൽ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്ത് നിന്നും കേന്ദ്രസർവീസിലേക്ക് തിരികെ വിളിക്കപ്പെട്ടിട്ടും ഹാജരാകാതിരുന്ന ഇദ്ദേഹത്തിന് എതിരെ നടപടി എടുക്കാനാണ് സാധ്യത.
അതേസമയം ബന്ധോപാദ്ധ്യായെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിലനിർത്താനാണ് മമതയുടെ തീരുമാനം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
ആലാപന്‍ ബന്ധോപാധ്യായയെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊറോണ ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിയും ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളും വിട്ടുനിന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് വിളിച്ചത്.