രാജ്യത്ത് 5ജി വന്നാൽ സർവനാശം; 5ജി നടപ്പാക്കുന്നതിനെതിരേ കോടതിയെ സമീപിച്ച് നടി ജൂഹി ചൗള

മുംബൈ: രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനെതിരേ നടി ജൂഹി ചൗള കോടതിയിൽ. 5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഗണിക്കണമെന്ന് ജൂഹി ഹർജിയിൽ പറഞ്ഞു. ഹർജി ഡെൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.

താൻ സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. സാങ്കേതിക വിദ്യയുടെ എല്ലാ ഗുണവും താൻ അനുഭവിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പുതിയ സാങ്കേതിക വിദ്യ വരുമ്പോൾ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. റേഡിയോ വികിരണവും സെൽ ടവറുകളും മനുഷ്യന്റെ ആരോഗ്യത്തിനും സമൂഹത്തിനും ദോഷകരമാണെന്ന് വിശ്വസിക്കാൻ ധാരാളം കാരണങ്ങളുണ്ടെന്ന് ജൂഹി പറയുന്നു.

5ജി വരുന്നതോടെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും ഒരു സമയവും വികിരണത്തിനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന പ്രചാരണങ്ങൾ സജീവുമാവുന്നതിനിടെയാണ് ജൂഹിയുടെ ഹർജി. 365 ദിവസവും 24 മണിക്കൂറും ഓരോ ജീവജാലവും വികിരണത്തിനു വിധേയമാവുമെന്നാണ് പ്രചാരണം നടത്തുന്നവർ പറയുന്നത്.

വികിരണം ഭൂമിക്കും ജീവജാലങ്ങൾക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന പഠനങ്ങൾ നടക്കുകയെന്നതു മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ജൂഹിയുടെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.