രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി എന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായിയെന്ന് സുപ്രിം കോടതി. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസിലാണ് കോടതിയുടെ പരാമര്‍ശം. തെലുങ്ക് ചാനലുകളായ ടിവി5 ന്യൂസ്, എബിഎന്‍ ആന്ധ്രാ ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ ആന്ധ്രാപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകള്‍ സുപ്രീം കോടതിയില്‍ റിട്ട് നല്‍കുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ വിലയിരുത്തികൊണ്ടാണ് രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായിയെന്ന് ജസ്റ്റീസ് ചന്ദ്രചൂഢിന്റെ ബഞ്ച് നിരീക്ഷിച്ചത്. ചാനലുകള്‍ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്ത നടപടി സുപ്രീം കോടതി തടഞ്ഞു.

ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടി ചാനലുകളെ നിശബ്ദമാക്കുന്ന വിധമുള്ള പ്രവൃത്തിയാണെന്ന് നിരീക്ഷിച്ച കോടതി മാധ്യമ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് ആ്ന്ധ്രാ പൊലീസ് നടത്തിയതെന്നും പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പരാമര്‍ശം) എന്നീ വകുപ്പുകള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചു.
‘മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ കണക്കിലെടുത്ത് 124എ, 153 എന്നീ വകുപ്പുകള്‍ക്ക് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വരേണ്ടതുണ്ട്,’- കോടതി ഉത്തരവില്‍ പറയുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ വൈദ്യ സഹായം അഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതിഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് തങ്ങള്‍ക്കെതിരെ പൊലീസ് കൈക്കൊണ്ട നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ് ചാനലുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ വിമത എം പിയായ കനുമുരി രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് രണ്ടു ചാനലുകള്‍ക്ക് എതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.