ലക്ഷദ്വീപിൽ വരുന്നത് 5000 കോടിയുടെ വികസനം ; പ്രമേയം ഭരണഘടനാ വിരുദ്ധം, നടക്കുന്നത് നുണപ്രചരണമെന്ന് അബ്ദുള്ളക്കുട്ടി

കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണ പ്രചരണമാണെന്നും കേരളനിയമസഭയിൽ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുള്ള പാർട്ടി നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടി. കേരളസർക്കാരിന്റെ നടപടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

കേരളാ നിയമസഭ ലക്ഷദ്വീപ് പ്രതിഷേധങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ പ്രമേയം പാസ്സാക്കിയതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ആണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്താനിരിക്കുന്നത് 5000 കോടി രൂപയുടെ വികസനമാണെന്നും ദ്വീപിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ആദ്യ കാൽവെയ്പ്പ് എന്ന നിലയിലാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നതെന്നും അബ്ദുള്ളക്കൂട്ടി പറഞ്ഞു.

ദ്വീപിന്റെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുളള വികസനമാണ് കേന്ദ്രസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്നത്. കടൽ കയറി മുങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷദ്വീപിൽ ഇടം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ കുട്ടികളുള്ളവർക്ക് ഭാവിയിൽ തെരഞ്ഞെടുപ്പിൽ നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് ദ്വീപിനെ രക്ഷിക്കാൻ വേണ്ടിയാണ്. പണ്ട് നാം രണ്ട് നമുക്ക് രണ്ട് എന്ന് ചുമരിൽ ഇന്ദിരാഗാന്ധി എഴുതിവെച്ചപ്പോൾ പ്രതിഷേധിക്കാതിരുന്ന കോൺഗ്രസുകാരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്നും അന്നത്തെ നിയമത്തിന്റെ ഗുണം ഇപ്പോൾ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു.

നുണപ്രചരണങ്ങൾ സൃഷ്ടിച്ച്‌ ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നതെന്നും അബ്ദുള്ളക്കൂട്ടി പറഞ്ഞു. അതേസമയം ലക്ഷദ്വീപിലെ പ്രശ്‌നങ്ങൾ ദേശീയ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്താൻ ലക്ഷദ്വീപിലെ ബിജെപി നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. അമിത്ഷായും ജെപി നദ്ദയും അടക്കമുള്ള ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് എത്തിയത്. ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തും.