ചിന്നാർ പാലം വിവാഹ മണ്ഡപം; മലയാളി ചെക്കന് തമിഴ് പെണ്ണ്; ഇന്ന് നടന്നത് പതിനൊന്നാം വിവാഹം

ഇടുക്കി: ലോക്ഡൗണിൽ ചിന്നാർ പാലം വിവാഹ മണ്ഡപമാക്കി ദമ്പതികൾ. രാജ്യത്ത് ആദ്യം ഏർപ്പെടുത്തിയ ലോക്ഡൗൺ മുതൽ ഇപ്പോൾ വരെയുള്ള കാലയളവിൽ 11 കല്യാണമാണ് കേരളത്തേയും തമിഴ്‌നാടിനേയും ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് നടന്നത്. വീണ്ടും കല്യാണ സീസണും ലോക്ഡൗണും എത്തിയതോടെയാണ് പാലത്തിന് മുകളിൽ വീണ്ടും വിവാഹം നടന്നത്.

ഇടുക്കി മറയൂർ സ്വദേശിയായ ഉണ്ണികൃഷ്ണനും തമിഴ്‌നാട് സ്വദേശിയായ തങ്കമയിലും തമ്മിലുള്ള വിവാഹമാണ് പാലത്തിൽ വെച്ച് നടന്നത്. കൊറോണ ടെസ്റ്റ് ചെയ്യുന്നതിലുള്ള അധിക ചെലവാണ് ഇത്തരത്തിൽ വിവാഹം നടത്താനുളള തീരുമാനത്തിലെത്തിച്ചത്. ആദ്യഘട്ടത്തിൽ ക്വാറന്റീൻ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പലരും ഇവിടം വിവാഹവേദിയാക്കി തെരഞ്ഞടുത്തത്.

വളരെ ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്. ഇരു സംസ്ഥാനങ്ങളിലെയും പോലീസ്, ആരോഗ്യ, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.

കൊറോണ ടെസ്റ്റ് ചെയ്യുന്നത് അതിർത്തിയിലെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ ചിലവേറിയതാണ്. ഉദുമൽപ്പേട്ടിൽ കൊറോണ ടെസ്റ്റ് ചെയ്യുന്നതിന് ഒരാൾക്ക് 2500 രൂപയാണ് ഈടാക്കുന്നതെന്ന് വധുവിന്റെ കുടുംബം പറയുന്നു. ഇതാണ് പാലത്തിന് മുകളിൽ വിവാഹം നടത്താൻ ഉണ്ണികൃഷ്ണന്റേയും തങ്കമയിലിന്റേയും കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്.

അതിർത്തി ഗ്രാമങ്ങളിൽ ഇരു സംസ്ഥാനങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള വിവാഹം സർവസാധാരണമാണ്. എന്നാൽ ലോക്ഡൗൺ നിലവിൽ വന്ന ശേഷം അന്തർ സംസ്ഥാന യാത്രയ്ക്ക് നിരവധി നിയന്ത്രണങ്ങൾ വന്നതോടെ വിവാഹം നടത്തുന്നത് ഈ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായി. ഇ തോടെയാണ് ഇരു സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന പാലം വിവാഹ വേദിയായത്.