ആലപ്പുഴ: ദേശീയപാത ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ നാലുപേരുടെ മരണത്തിന് ഇടയായ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഠാരയും കഞ്ചാവും പോലീസ് കണ്ടത്തെി. അമിത വേഗതത്തിൽ ഓടിച്ചിരുന്ന കാറിൽ ക്രിമിനൽ കേസിലെ പ്രതികളും കുടുംബവും ആണ് സഞ്ചരിച്ചതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാൽ(5), ഉണ്ണിക്കുട്ടൻ(20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി, അൻഷിഫ് എന്നിവരെ പരിക്കുകളോട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ലോറി ഡ്രൈവർക്കും സഹായിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
കാറിലുണ്ടായിരുന്ന മരിച്ച റിയാസും പരിക്കേറ്റ അൻഷിഫും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കാപ്പ ചുമത്തിയിട്ടുള്ളതിനാൽ ഇരുവർക്കും ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കും നിലനിൽക്കുന്നുണ്ട്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇക്കാര്യങ്ങൾ പോലീസ് സ്ഥിരീകരിക്കുന്നത്.
അപകടത്തിന് കാരണം കനത്ത മഴയും അമിത വേഗതയും ആണെന്ന് പോലീസ് പറയുന്നു. കായംകുളത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് അമിത വേഗതയിൽ പോയ ഇന്നോവ കാർ എതിർ ദിശയിൽ വന്ന മിനി ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അൻഷിഫിന്റെ ഭാര്യയാണ് ഐഷ ഫാത്തിമ. ഇവരുടെ മകനാണ് ബിലാൽ. മരിച്ച ഉണ്ണിക്കുട്ടൻ കൊട്ടാരക്കര സ്വദേശിയാണ്.