സംസ്ഥാനങ്ങൾക്കുള്ള റെംഡെസിവിർ മരുന്നിന്റെ വിഹിതം നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം

ന്യൂഡെൽഹി: കൊറോണ മരുന്നായ റെംഡെസിവിറിന്റെ സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി മന്ത്രി മൻസുഖ് മണ്ഡാവിയ അറിയിച്ചു. റെംഡെസിവിറിന്റെ വിതരണം ആവശ്യകതയേക്കാൾ കൂടുതലായതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള മരുന്നിന്റെ കേന്ദ്ര വിഹിതം നിർത്തലാക്കാൻ തീരുമാനിച്ചത്. രാജ്യത്ത് റെംഡെസിവിറിന്റെ ലഭ്യത തുടർച്ചയായി നിരീക്ഷിക്കണമെന്ന് ദേശീയ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് ഏജൻസിയോട് അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യത്ത് ഇപ്പോൾ ആവശ്യത്തിന് റെംഡെസിവിർ ഉണ്ട്. ആവശ്യമുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങണമെന്നും മൻസുഖ് മണ്ഡാവിയ ട്വീറ്റ് ചെയ്തു. പ്രതിദിനം 3,50,000 കുപ്പികളായി റെംഡെസിവിറിന്റെ ഉത്പാദനം വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കഴിഞ്ഞ ആഴ്ച വരെ കേന്ദ്ര സർക്കാർ 98.87 ലക്ഷം ആൻറിവൈറൽ മരുന്നുകൾ അനുവദിച്ചിരുന്നു.

ഒരു മാസത്തിനുള്ളിൽ റെംഡെസിവിർ ഉൽപാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം 20 ൽ നിന്ന് 60 ആയി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര ആവശ്യങ്ങൾക്കായി നിലനിർത്താൻ 50 ലക്ഷം റെംഡെസിവിറിന്റെ കുപ്പികൾ കേന്ദ്ര സർക്കാർ വാങ്ങുമെന്നും മണ്ഡാവിയ വ്യക്തമാക്കി.