ചെന്നൈ: പീഡന വിവാദങ്ങൾ കൊടുംപിരി കൊണ്ടപ്പോൾ ഒഎൻവി പുരസ്കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ കടുത്തതോടെ പുരസ്കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്കാരം നിരസിക്കുന്നതായി അറിയിച്ചത്.
ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തന്നെയും ഒഎൻവിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു. പുരസ്കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി.
വൈരമുത്തുവിനെതിരേ മീറ്റു ആരോപണം ഉന്നയിച്ച പതിനേഴ് സ്ത്രീകളിൽ ഒരാളായ ഗായിക ചിന്മയി ശ്രീപദയും നടിമാരായ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, പാർവതി എന്നിവരുമടക്കം നിരവധി പേരാണ് പുരസ്കാരം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. എഴുത്തുകാരി കെ ആർ മീരയും വൈരമുത്തിന് പുരസ്ക്കാരം നൽകിയതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.