ന്യൂഡെല്‍ഹി: കൊറോണ അവശ്യസാധനങ്ങളുടെ നികുതിയിളവിന് തയ്യാറാകാതെ കേന്ദ്രം. നികുതിയിളവ്
സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിൽ തീരുമാനമായില്ല.
കൊറോണ വാക്സിൻ്റെയും മരുന്ന്, വെന്റിലേറ്റര്‍, ഓക്സിജന്‍ സംവിധാനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുടെ ജി.എസ്.ടി എടുത്തുകളയണമെന്ന് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ വാദിച്ചെങ്കിലും കേന്ദ്രം വഴങ്ങിയില്ല.
ഇതേക്കുറിച്ച് പഠിച്ച് ജൂണ്‍ എട്ടിന് തീരുമാനം പ്രഖ്യാപിക്കാന്‍ മന്ത്രിതല സമിതിക്ക് വിട്ടു.
വാക്സിന് അഞ്ചു ശതമാനവും മറ്റുള്ളവക്ക് 12 ശതമാനവും നികുതിയാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലൂടെ നല്കുന്ന വാക്സിന് ഇപ്പോള്‍തന്നെ സൗജന്യമാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്, വെന്റിലേറ്റര്‍ തുടങ്ങിയവക്ക് നികുതി ഇളവു നല്കിയാല് അതിൻ്റെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് കിട്ടിയെന്നു വരില്ലെന്ന ന്യായമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്.
ബ്ലാക് -ഫംഗസ് ചികിത്സക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് ഐജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് സൗജന്യമായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഐജിഎസ്ടി എടുത്തുകളഞ്ഞു. ജിഎസ്ടി റിട്ടേണ്‍ വൈകി മാത്രം സമര്‍പ്പിക്കുന്ന ചെറുകിട നികുതിദായകര്‍ക്ക് കാലതാമസം വരുത്തിയതിനുള്ള ഫീസ് കുറക്കും. ത്രൈമാസ റിട്ടേണ്‍ സമര്‍പ്പിക്കുന്ന രീതിയും തുടരും.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പോരായ്മ വരുന്ന 1.58 ലക്ഷം കോടി രൂപ കേന്ദ്രം കടമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ തവണ പോരായ്മ നികത്തി നല്കിയ രീതി തുടര്‍ന്നേക്കും. ജിഎസ്ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തുന്ന രീതി ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ശേഷവും തുടരണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ചചെയ്യുന്നതിന് ജിഎസ്ടി കൗണ്‍സിലിൻ്റ പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചു.