ന്യൂഡെൽഹി: കൊറോണ വാക്സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.
വ്യക്തിഗത വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊറോണ വാക്സിൻ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സർട്ടിഫിക്കറ്റ് സർക്കാർ നിങ്ങൾക്ക് അനുവദിക്കുന്നത്.
വാക്സിൻ സ്വീകരിച്ച തീയതി, സമയം, വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിൻ സ്വീകരിച്ച സെന്റർ, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാർ കാർഡിന്റെ അവസാന നാല് അക്കങ്ങളും സർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണൽ സർട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുക.