ഓക്‌സിജനു പകരമായി ആസ്പിഡോസ്‌പെര്‍മ ഉപയോഗിക്കാനാകില്ല; ഹോമിയോപ്പതി ഡയറക്ടര്‍

തിരുവനന്തപുരം: ഓക്‌സിജന്‍ നല്‍കേണ്ടവര്‍ക്ക് ഓക്‌സിജന്‍ നല്‍കുക തന്നെ വേണമെന്ന് വ്യക്തമാക്കി ഹോമിയോപ്പതി ഡയറക്ടര്‍ . ശ്വാസംമുട്ടല്‍ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ഉപയോഗിക്കുന്നതുകൊണ്ട് ആസ്പിഡോസ്‌പെര്‍മ (aspidosperma) ഓക്‌സിജനു പകരമായി ഉപയോഗിക്കാമെന്ന് അര്‍ഥമില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.

സസ്യജന്യമായ മരുന്നായ ആസ്പിഡോസ്‌പെര്‍മ പ്രധാനമായും ശ്വാസകോശ രോഗങ്ങളുടെ മുക്തിക്കാണ് ഉപയോഗിക്കുന്നത്. ശ്വസനകേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കാന്‍ കഴിവുള്ള മരുന്ന് രോഗാവസ്ഥ മൂലം രക്തത്തിലേക്ക് ഓക്‌സിജന്‍ ആഗിരണം ചെയ്യാനുള്ള താത്കാലിക തടസ്സങ്ങളെ മാറ്റും.

ഹോമിയോപ്പതി ശാസ്ത്രശാഖയില്‍ ലക്ഷണശാസ്ത്രം അനുസരിച്ചും ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചുമാണ് മരുന്നിന്റെ ഡോസും പൊട്ടന്‍സിയും നിശ്ചയിക്കുന്നത്. അതുകൊണ്ട് വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഡയറക്ടര്‍ വ്യക്തമാക്കി.