വാഷിംഗ്ടണ്‍: കൊറോണ പൊട്ടി പുറപ്പെട്ടതുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാന്‍ ലാബിനെതിരായ അന്വേഷണം ശക്തവും ആഴമേറിയതുമാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് അമേരിക്ക. ലോകാരോഗ്യ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസ് നേരിട്ട് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. ലോകാരോഗ്യസംഘടനയുടെ കൊറോണ അന്വേഷണ നയത്തില്‍ ചൈന കൈകടത്തുന്നതിനെയും വൈറ്റ്ഹൗസിന്‍റെ കൊറോണ പ്രതിരോധ പ്രവര്‍ത്തന ഉപദേശകൻ ആന്‍ഡി സ്ലാവിറ്റ് രൂക്ഷമായി വിമര്‍ശിച്ചു.
വുഹാനിൽ നിന്ന് കൊറോണ വ്യാപനം എങ്ങിനെ സംഭവിച്ചു എന്നതിൽ ചൈനയുടെ നടപടികളെല്ലാം വെളിച്ചത്തുവരണമെന്നും ആന്‍ഡി സ്ലാവിറ്റ് ആവശ്യപ്പെട്ടു. ഞങ്ങള്‍ നേതൃത്വം നല്‍കാന്‍ തയ്യാറാണ്. ലോകാരോഗ്യസംഘടന എല്ലാ സഹായവും നല്‍കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
ഒരു വര്‍ഷമായിട്ടും ഒരു വൈറസിന്‍റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇതുവരെ മനസ്സിലായില്ലെന്നത് പരിതാപകരമാണ്. അന്വേഷണം അമേരിക്ക തുടരുക തന്നെ ചെയ്യും. നൂറുശതമാനം ഉറപ്പുവരുന്നതുവരെ അന്വേഷണം നടക്കണം. കാരണം ഇത് ലോകത്തെ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കഴിഞ്ഞുവെന്ന് ജോ ബൈഡന്‍റെ ആരോഗ്യവിഭാഗം ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചിയും വ്യക്തമാക്കി.