ന്യൂഡെൽഹി: വാട്സാപ്പും ഫെയ്സ് ബുക്കും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾക്ക് പുതിയ ഐ ടി നിയമ ഭേഭഗതി അനുസരിക്കാൻ കേന്ദ്രസർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും ഭേഭഗതി നിർദേശങ്ങൾ അംഗീകരിക്കാൻ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങൾ തയാറായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.
പുതിയ ഐ.ടി. നയം പാലിക്കാത്ത സാമൂഹ്യമാധ്യമങ്ങളുടെ ഭാവി പ്രവർത്തനം ഇന്ത്യയിൽ എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിൽ തുടർനടപടികൾ എന്താകും എന്നത് ഇനി കേന്ദ്രസർക്കാരാണ് വ്യക്തമാക്കേണ്ടത്.
നിലവിൽ സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനത്തെ തസപ്പെടുത്ത നടപടികളിലേയ്ക്ക് പെട്ടെന്ന് സർക്കാർ കടക്കില്ല എന്നാണ് സൂചന.
സാമൂഹ്യ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാൽ അന്താരാഷ്ട്ര തലത്തിൽ പോലും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കാം.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് മേയ് 25ന് അർധരാത്രി അവസാനിച്ചത്. എന്നാൽ ഇനിയെന്തെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.