ന്യൂഡെൽഹി: കേരളം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേരളം വിശദീകരണം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകി. ഏപ്രിൽ 19നാണ് കത്ത് നൽകിയത്.
ഇളവുകൾ നൽകിക്കൊണ്ട് ഏപ്രിൽ 17-ന് കേരളം പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 15- ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ. വർക്ക് ഷോപ്പ്, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, പുസ്തകശാലകൾ, നഗരങ്ങളിലെ ബസ് സർവീസ്, കാറുകളിൽ രണ്ടു പേരുടെ യാത്ര, ബൈക്ക് യാത്ര എന്നിവയ്ക്കാണ് കേരളം ഉത്തരവിലൂടെ ഇളവ് നൽകിയത്. ഇത് കേന്ദ്ര നിർദ്ദേശങ്ങൾ ലഘൂകരിക്കുന്നതും ദുരന്ത നിവാരണ നിയമം അനുസരിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ലംഘിക്കുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.
ആഭ്യന്തരമന്ത്രാലയം ചില സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചപ്പോൾ കേരളം അവ തുറക്കാൻ അനുമതി നൽകുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഡല്‍ഹിയില്‍ അതിഥി തൊഴിലാളികള്‍ക്കായി കേജരിവാള്‍ സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയും കേന്ദ്രം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡു ചെയ്യുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് ഇന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
അതേ സമയം മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.