വിവാഹ വാർഷികത്തിലും കൊറോണ പ്രതിരോധവുമായി മന്ത്രി ശൈലജ

കണ്ണൂർ: വിവാഹ വാർഷിക ദിനത്തിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി മന്ത്രി കെ.കെ.ശൈലജ. കെ.കെ.ശൈലജയും ഭർത്താവ് സിപിഎം മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗം കെ.ഭാസ്കരനും വിവാഹിതരായിട്ട് ഇന്നലെ 38 വർഷം പൂർത്തിയാക്കി. ഡിവൈഎഫ്ഐ പ്രവർത്തനത്തിനിടയിൽ പരിചയപ്പെട്ടാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്.

രണ്ടു മാസമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധുപ്പെട്ട് തിരുവനന്തപുരത്ത് തുടരുകയാണ് മന്ത്രി കെ.കെ.ശൈലജ. കെ.ഭാസ്കരനാകട്ടെ മട്ടന്നൂരിലെ വീട്ടിൽ മകനും മരുമകളും കൊച്ചു മക്കളോടുമൊപ്പമാണ്. എല്ലാ ദിവസവും വൈകിട്ട് തിരക്കൊഴിഞ്ഞ ശേഷമുള്ള ഫോൺ വിളിയാണ് വീടുമായി ഇപ്പോൾ മന്ത്രിക്കുള്ള ആശയ വിനിമയം.

വിവാഹ വാർഷിക ദിനത്തിലും അതിനു മാറ്റമൊന്നുമില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാലും കൊറോണ പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടതിനാലുമാണ് മന്ത്രി തിരുവനന്തപുരത്ത് തുടരുന്നത്. ലോക്ഡൗൺ കാലത്തെ വിവാഹ വാർഷിക ദിനം ഇരുവർക്കും പതിവു ദിനം പോലെ കടന്നുപോയി. മുൻപും വിവാഹ വാർഷിക ദിനത്തിൽ ആഘോഷ പരിപാടികളൊന്നും ഉണ്ടാകാറില്ലെന്ന് ഭർ‌ത്താവ് കെ.ഭാസ്കരൻ പ്രതികരിച്ചു. മട്ടന്നൂർ നഗരസഭ മുൻ അധ്യക്ഷൻ കൂടിയാണ് ഭാസ്കരൻ.