ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആൻറിബോഡി കോക്ടെയിലുമായി മരുന്ന് നിർമാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ് ഒരു ഡോസിൻറെ വില. ഗുരുതരാവസ്ഥയിലല്ലാത്ത കൊറോണ രോഗികൾക്കാണ് മരുന്ന് നൽകുക.
കാസ്റിവിമ്പ്, ഇംഡെവിമ്പ് തുടങ്ങിയ ആൻറിബോഡുകളുടെ കോക്ടെയിലാണ് വിതരണം ചെയ്യുക. ജൂൺ മധ്യത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് സൂചന. 2,00,000 രോഗികൾക്കുള്ള മരുന്നാവും ആദ്യം വിതരണം ചെയ്യുക.
കാസ്റിവിമ്പ് 600 മില്ലി ഗ്രാമും ഇംഡെവിമ്പ് 600 മില്ലിഗ്രാമുമാണ് കോക്ടെയിലിലുണ്ടാവുക. നികുതിയുൾപ്പടെ ഒരു ഡോസിന് 59,750 രൂപയായിരിക്കും വില. രണ്ട് ഡോസുള്ള കോക്ടെയിലിന് 1,19,500 രൂപയും നൽകണം. പ്രമുഖ ആശുപത്രികളിലൂടേയും കൊറോണ കെയർ സെൻററുകളിലൂടേയും മരുന്ന് വിതരണം ചെയ്യും. സെൻട്രൽ ഡ്രഗസ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ മരുന്നിൻറെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്.