പിണറായി സർക്കാർ അഴിമതി സർക്കാർ തന്നെ; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏ‌റ്റെടുക്കുന്നതായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമസഭയ്‌ക്കകത്തും പുറത്തുമുള‌ള തന്റെ നിലപാടുകള്‍ ജനം വിലയിരുത്തട്ടെയെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഓരോ പരാജയവും ഓരോ പുതിയ പാഠങ്ങളാണ്. തെ‌റ്റ് തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. പ്രതിസന്ധി സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച്‌ നില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനെയും മുന്നണിയെയും തിരികെ കൊണ്ടുവരാന്‍ മുന്നിലുണ്ടാകും.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനുന്നയിച്ച ശക്തമായ ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാരിന് തീരുമാനങ്ങള്‍ തിരുത്തുകയും പിന്നാക്കം പോകുകയും ചെയ്യേണ്ടി വന്നു.

ഇക്കാര്യങ്ങള്‍ എത്രമാത്രം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്ന് പരിശോധിക്കണമെന്നും സര്‍ക്കാരിന്റെ അഴിമതിയും കൊള‌ളരുതായ്‌മയും തുറന്നുകാട്ടാന്‍ തനിക്ക് സാധിച്ചു എന്നാണ് വിശ്വാസമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് മാത്രം അഴിമതികള്‍ ഇല്ലാതാകില്ല. പിണറായി സര്‍ക്കാര്‍ അഴിമതി സര്‍ക്കാര്‍ ആണ് എന്ന നിലപാടില്‍ മാ‌റ്റമില്ല. പ്രളയവും നിപ്പയും ഓഖിയും വന്നപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ വോട്ടായി മാറിയോ എന്ന് പരിശോധിക്കണമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ 55 ശതമാനം സീ‌റ്റും യുവാക്കള്‍ക്ക് നല്‍കിയിട്ടും വിജയിച്ചത് മൂന്നുപേര്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായി 35 വര്‍ഷത്തോളമായി അനുജനെ പോലെയുള‌ള ആത്മബന്ധമാണെന്നും 2001 മുതലുള‌ള നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് മുതല്‍കൂട്ടാകുമെന്നും യോഗത്തില്‍ ചെന്നിത്തല പറഞ്ഞു.