ന്യൂഡെൽഹി: വാക്സിന് പാഴാക്കല്‍ ഒഴിവാക്കുന്നതിനായി 18-44 പ്രായത്തിലുള്ളവര്‍ക്ക് വാക്സിനേഷനായി കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മാത്രമായിരിക്കും വാക്സിന് വിതരണം നടക്കുക. അതേസമയം ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ വാക്സിനേഷനായി എത്താതിരിക്കുന്നതുമൂലം വാക്സിന് ഡോസുകള്‍ പാഴായി പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കനായാണ് സ്പോട്ട് രജിസ്ട്രേഷന് അനുവദിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.
അതേസമയം സ്പോട്ട് രജിസ്ട്രേഷന് ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി വാക്സിന് വിതരണം നടത്താനുള്ള തീരുമാനം വാക്സിന് കേന്ദ്രങ്ങളിലെ തിരക്ക് വലിയ തോതില്‍ കുറച്ചിരുന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.