ന്യൂഡെൽഹി: കൊറോണ രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരമാണ്.
പ്രശസ്ത ഇഎന്‍ടി സര്ജന് ബ്രിജ് പാല് ത്യാഗിയുടെ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികിത്സയിലാണ്. അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍.
ഗുരുതരമായ സന്ദര്‍ഭങ്ങളില്‍, മഞ്ഞ ഫംഗസ് പഴുപ്പ് ചോര്‍ന്നൊലിക്കുന്നതിനും മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതമായ വൃണത്തിലേക്ക് വഴിമാറുന്നതിനും ഇടയാക്കും. നെക്രോസിസ് മൂലം കണ്ണുകള്‍ മുങ്ങിപ്പോകല്‍ എന്നിവയ്ക്കും കാരണമാകും. അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
മഞ്ഞ ഫംഗസിനുള്ള ഏക ചികിത്സ വിശാലമായ സ്പെക്ട്രം ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ്പാണ്. മഞ്ഞ ഫംഗസ് അണുബാധ പ്രധാനമായും ശുചിത്വമില്ലായ്മ മൂലമാണ് പിടിപെടാന്‍ കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
വീടിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ബാക്ടീരിയയുടെയും ഫംഗസിന്റെയും വളര്‍ച്ച തടയാന്‍ പഴയ ഭക്ഷണങ്ങളും മാലിന്യങ്ങളും എത്രയും വേഗം നീക്കംചെയ്യുക. തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനവും രോഗത്തിന് ഇടയാക്കും. വീടുകളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാതെ പരമാവധി സൂക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.