ജൂനിയര്‍ ഗുസ്തി താരത്തിൻ്റെ കൊലപാതകം ; സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കണമെന്ന് സുശീല്‍ ആവശ്യപ്പെട്ടു; സുശീലിന്റെ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് സാഗറിന്റെ കുടുംബം

ന്യൂഡെല്‍ഹി: ജൂനിയര്‍ ഗുസ്തിതാരം സാഗര്‍ ധന്‍കറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഗുസ്തി താരങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടതായി ഡെല്‍ഹി പൊലീസ്. സഹതാരങ്ങള്‍ക്ക് തന്നോട് ഭയം തോന്നാനാണ് സുശീല്‍ സുഹൃത്തായ പ്രിന്‍സിനോട് ഇങ്ങിനെ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം സുശീല്‍ കുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് രൂക്ഷമായ പ്രതികരണമാണ് സാഗറിന്റെ മാതാപിതാക്കള്‍ നടത്തിയിട്ടുള്ളത്. സുശീലിന് തൂക്കുകയര്‍ ഉറപ്പാക്കണമെന്നും ഒളിമ്പിക് മെഡലുകള്‍ക്ക് അയാള്‍ അര്‍ഹനല്ലെന്നും ഇത് ഉള്‍പ്പെടെ സുശീല്‍ നേടിയ എല്ലാ മെഡലുകള്‍ തിരികെ വാങ്ങണമെന്നും സാഗറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

തന്റെ സ്വാധീനം ഉപയോഗിച്ച് സുശീല്‍ കേസന്വേഷണം അട്ടിമറിക്കുമോയെന്ന ആശങ്കയും ഇവര്‍ പ്രകടിപ്പിച്ചു. ഇത്രയും നാള്‍ ഒളിവില്‍ കഴിയാനുള്ള സഹായങ്ങള്‍ എങ്ങിനെ ലഭിച്ചുവെന്നും ഇതിന് സഹായിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും സാഗറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

ഡെല്‍ഹി ചത്രസാല്‍ സ്റ്റേഡിയത്തില്‍ മെയ് നാലിനാണ് ജൂനിയര്‍ ഗുസ്തി താരമായിരുന്ന സാഗര്‍ ധന്‍കര്‍ സുശീലിന്റേയും കൂട്ടുകാരുടേയും മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. സാഗിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ആശുപ്രതിയില്‍ പ്രവേശിക്കപ്പെട്ട ഇവരില്‍ സാഗര്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സുശീല്‍ കുമാറിനേയും സുഹൃത്ത് അജയ് കുമാറിനേയും ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക് മത്സരങ്ങളിലായി വെള്ളി , വെങ്കല മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് സുശീല്‍ കുമാര്‍.