1,500 രൂപ വാടക നൽകിയില്ല; ഇറക്കിവിടാൻ ശ്രമിച്ച അധ്യാപകൻ പിടിയിലായി

തൊടുപുഴ: 1,500 രൂപ വാടക നൽകാത്തതിന് മൂന്നംഗ കുടുംബത്തെ വാടക വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ച
അധ്യാപകനായ വീട്ടുടമ പോലീസിൻ്റെ പിടിയിലായി. വീട്ടുടമയുടെ ക്രൂരതയറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേർഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാൻ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നൽകി മാത്യുവും കുടുംബവും ചോർന്നൊലിക്കുന്ന ഈ കൂരയിലാണ് താമസം. ലോക്ഡൗണിൽ പണിയില്ലാത്തതിനാൽ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നൽകാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോൾ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ നാട്ടുകാർ തോമസിന്‍റെ വീട് ഉപരോധിച്ചു. ഏറെ പണിപ്പെട്ടാണ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു.