ന്യൂഡെല്‍ഹി: ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന് ഡബ്ല്യുഎച്ച്ഒയുടെയും യൂറോപ്യന്‍ യൂണിയന്റേയും അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍.
വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിഗ്ല തിങ്കളാഴ്ച ഭാരത് ബയോടെക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്ന വാക്സീനുകളിലൊന്നാണ് കോവാക്സീന്. അടിയന്തര ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ അനുമതി നല്കിയ വാക്സീനുകളില്‍ കോവാക്സീനും ഉള്‍പ്പെടുത്താനാണ് നീക്കം.
ഓക്സ്ഫഡ് അസ്ട്രാസെനക, ഫൈസര്‍, മൊഡേണ തുടങ്ങിയ വാക്സീനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. അംഗീകാരം ലഭിച്ച വാക്സീനുകള്‍ ലോകത്തെവിടെയും കയറ്റുമതി ചെയ്യാന്‍ സാധിക്കും.
ബ്രസീലിലേയും യുഎസിലേയും കമ്പനികളുമായി വാക്സീന് നിര്‍മാണത്തിന് ഭാരത് ബയോടെക് കരാര്‍ ആയെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ ആയില്ല. ഈ സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് കോവാക്സീന് അംഗീകാരം നല്കാന് സര്‍ക്കര്‍ സമ്മര്‍ദം ചെലുത്തുന്നത്.
ചൈനയുടെ സിനോഫാം വാക്സീനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. വിവിധ രാജ്യങ്ങളിലേക്ക് ചൈന കയറ്റുമതിയും ആരംഭിച്ചു.