ഡെൽഹിയിൽ കൊറോണ കേസുകൾ രണ്ടായിരത്തിലും താഴെ ; ഹരിയാനയിൽ മെയ് 31 വരെ ലോക്ഡൗൺ നീട്ടി

ന്യൂഡെൽഹി: കൊറോണ കേസുകൾ കുറഞ്ഞ് ഡെൽഹി ആശ്വാസ തീരത്തേയ്ക്ക്. പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനം ആയി കുറഞ്ഞു. കൊറോണ കേസുകൾ കുറഞ്ഞുവെങ്കിലും ഡെൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നീട്ടിയിരുന്നു.

ഞായറാഴ്ച ഡെൽഹിയിൽ 1649 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. മാർച്ച്‌ 30 ന് ഇതാദ്യമയാണ് കൊറോണ കേസുകൾ രണ്ടായിരത്തിൽ താഴെ മാത്രം സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച 189 മരണമാണ് ഡെൽഹിയിൽ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും 200 ൽ താഴെ മാത്രമാണ് കൊറോണ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ഹരിയാനയിൽ ലോക്ഡൗൺ വീണ്ടും നീട്ടി. ഒരാഴ്ച കൂടി നീട്ടി മെയ് 31 വരെയാണ് നിലവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. തനിച്ച്‌ പ്രവർത്തിക്കുന്ന കടകൾ പകൽ സമയത്ത് തുറക്കാൻ അനുമതി നൽകി.കൂട്ടം കൂട്ടമായി പ്രവർത്തിക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. രണ്ടാം തരംഗത്തെ തുടർന്ന് ഇത് നാലാം തവണയാണ് ഹരിയാന ലോക്ഡൗൺ നീട്ടുന്നത്. മെയ് മൂന്നിനാണ് ആദ്യമായി ഹരിയാന ലോക്ഡൗൺ പ്രഖ്യാപിച്ചത്.