കൊറോണ ബാധിച്ച് മരിച്ചവരുടെ സ്വർണാഭരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പോകുന്നു; അന്വേഷണം ഊർജിതമാക്കി പൊലീസ്

ആലപ്പുഴ : മഹാമാരിയിൽ മരിക്കുന്നവരുടെ സ്വർണാഭരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പോകുന്നത് പതിവായി. സ്വർണാഭരണങ്ങൾ മോഷണം പോകുന്നത് ചൂണ്ടിക്കാട്ടി മരിച്ചവരുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. അഞ്ച് പരാതികളാണ് ഇതുവരെ ലഭിച്ചതെന്ന് സൂപ്രണ്ട് അറിയിച്ചു. ബന്ധുക്കൾ പോലീസിലും പരാതിപ്പെട്ടിട്ടുണ്ട്.

ആഭരണങ്ങൾക്ക് പുറമേ പഴ്‌സ്, മൊബൈൽ, പണം എന്നിവയും മോഷണം പോകുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി വിട്ട് നൽകുമ്പോൾ ആഭരണങ്ങൾ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച ഹരിപ്പാട് സ്വദേശിനി വത്സലയുടെ മൃതദേഹത്തിൽ നിന്നും ഏഴര പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. രോഗം മൂർച്ഛിച്ചതോടെ വത്സല കുമാരിയെ കുറച്ച് ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം നിരവധി തവണ ആഭരണങ്ങൾ ചോദിച്ചെങ്കിലും തരാമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാർ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും, ഒരു പവന്റെ വള മാത്രമാണ് മുറിച്ച നിലയിൽ നൽകിയതെന്നും ബന്ധുക്കൾ പറയുന്നു.