എയര്‍ ഇന്ത്യ സെര്‍വര്‍റില്‍ ഞെട്ടിപ്പിക്കുന്ന സൈബര്‍ ആക്രമണം; 45 ലക്ഷത്തോളം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ സെര്‍വറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതായി എയര്‍ലൈന്‍ കമ്പിനി. 45,00,000 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ചോര്‍ന്നതായി കമ്പിനി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

ഫെബ്രുവരി മാസത്തിലാണ് ഇത്തരത്തില്‍ ഗുരുതരമായ ആക്രമണം ഉണ്ടായതെന്നാണ് കമ്പിനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കം ചോര്‍ന്നു. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള പത്ത് വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സീറ്റ എന്ന കമ്പനിയാണ്. ഈ കമ്പനിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.

‘അത്യാധുനികമായ ഒരു സൈബര്‍ ആക്രമണമാണ് ഉണ്ടാതെന്ന് കരുതുന്നു. ഇതില്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും പാസ്‌പോര്‍ട്ട് വിശദാംശങ്ങളും അടക്കം ചോര്‍ന്നിട്ടുണ്ട്. ഇത് മറ്റ് ആഗോള എയര്‍ലൈന്‍സിനേയും ബാധിച്ചിട്ടുണ്ട് എന്നാണ് സൂചന’ ക്മ്പിനിക്ക് വേണ്ടി ജിതിന്‍ ജെയിന്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഡാറ്റ ചോര്‍ച്ച നടന്നതായി ഉപഭോക്താക്കളെ ഇമെയില്‍ വഴി അറിയിച്ചതായി എയര്‍ ഇന്ത്യ പറഞ്ഞു. എയര്‍ ഇന്ത്യക്ക് പുറമേ യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സീറ്റ കമ്പിനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സര്‍വീസ് കമ്പനികളും ഡാറ്റാ ചോര്‍ച്ചയ്ക്ക് ഇരയായി എന്നാണ് സൂചന.

ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തില്‍ പേര് വിവരങ്ങള്‍, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നതില്‍ ഉള്‍പ്പെടുന്നു. വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കഴിയുന്ന ഇടങ്ങളിലെല്ലാം പാസ്വേഡുകള്‍ മാറ്റാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റ ദുരുപയോഗം ചെയ്തതായി തെളിവുകളില്ലെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി.