മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്നു അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽപ്പെട്ട് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ടൗട്ടെയെത്തുടർന്ന് അപകടത്തിൽപ്പെട്ട പി 305 നമ്പർ ബാർജ് തിങ്കളാഴ്ചയോടെയാണ് പൂർണമായും മുങ്ങിയത്.
ബാർജിലുണ്ടായിരുന്നവരിൽ 37 പേരുടെ ജഡം നേരത്തെ കണ്ടെത്തിയിരുന്നു. 38 പേരെ കാണാതായതായും രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. ബാർജിൽ ഉണ്ടായിരുന്ന 261 പേരിൽ 186 പേരെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. വരപ്രദ എന്ന ടഗ്ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിരുന്നു.മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപം കാറ്റിനെത്തുടർന്നാണ് ബാർജ് അപകടത്തിൽപ്പെട്ടത്.
ഇനിയും കണ്ടെത്താനുള്ളവർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലു വിളികൾക്കിടയിലും തെരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയെങ്കിലും പ്രതീക്ഷയ്ക്കു വകനൽക്കുന്നതൊന്നും കണ്ടെത്താനായില്ല. ആളുകൾ ജീവനോടെ അവശേഷിക്കാനുള്ള സാധ്യത നേർത്തതായാണു സൂചനകൾ.