മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലേറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായി ഗഡ്ചിരോളി ഡിഐജി സ്ന്ദീപ് പാട്ടീല്‍ പറഞ്ഞു. ഗഡ്ചിരോളി ജില്ലയിലെ വന മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 13 മാവോവാദികളുടെ മൃതദേഹം കണ്ടെടുത്തതായും തെരച്ചിൽ തുടരുകയാണെന്നും ഡിഐജി അറിയിച്ചു.

മുംബൈയില്‍ നിന്നും 900 കിലോ മീറ്റര്‍ അകലെയാണ് ഗഡ്ചിരോളി. മാവോയിസ്റ്റുകള്‍ ഗഡ്ചിരോളിയിലെ കോട്മി വന മേഖലയില്‍ സംഘം ചേരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ ചുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും ഡിഐജി സന്ദീപ് പാട്ടീല്‍ അറിയിച്ചു. മഹാരാഷ്ട പൊലീസ് പ്രത്യേക കമാന്‍ഡോ വിഭാഗമായ സി.60 യുമായി ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് കൂടുതല്‍ നക്‌സലുകള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാവെയിസ്റ്റുകളില്‍ മുതിര്‍ന്ന നേതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടൽ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെട്ടതായാണ് സൂചന.ഇവരുടെ പക്കല്‍ നിന്നും എസ്എല്‍ആര്‍ റൈഫിളുകളും 8 എംഎം റൈഫിളുകളും കുക്കര്‍ ബോംബും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.