പ്രതിദിന കൊറോണ രോഗികളുടെ എണ്ണം കുറയുന്നു ; 24 മണിക്കൂറിനിടെ 2,59,591 പേർക്ക് വൈറസ് ബാധ ; മരണസംഖ്യ കുറയുന്നില്ല

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവ്. 2,59,591 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിനം രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 പേരാണ് മരിച്ചത്. 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

കൊറോണ രോഗികൾ കുത്തനെ കുറയുമ്പോഴും മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളിൽ മരണനിരക്ക് കൂടുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 738 പേർക്കും , കർണാടകയിൽ 548 പേർക്കും തമിഴ്നാട്ടിൽ 397 പേർക്കും കൊറോണ ബാധിച്ച് ജീവൻ നഷ്ടമായി. 29, 911 പേർക്കുകൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 50 ലക്ഷം കടന്നു.

അതേസമയം, വാക്‌സിന്‍ ലഭ്യതക്കുറവ് കാരണം വാക്‌സിനേഷന് വേഗതയില്ലെന്ന് അഭിപ്രായമുയര്‍ന്നിതിന് പിന്നാലെ കൊവാക്സിന്റെ ഉൽപ്പാദനം ഉയർത്താൻ ഭാരത് ബയോടെക് തീരുമാനിച്ചു. ഹൈദരാബാദിനും ബംഗളൂരുവിനും പുറമെ ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങുമായി ചേര്‍ന്ന് പ്രതിവർഷം 100 കോടി ഡോസ് കോവാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചു. സെപ്റ്റംബറോടെ അങ്കലേശ്വറില്‍നിന്ന് വാക്‌സിന്‍ പുറത്തിറക്കാനാണ് ശ്രമം.