ഗാസ; യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രയേലും പലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. 11 ദിവസം നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ അവസാനമായത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയില്‍ പാലസ്തീനികള്‍ ആഹ്ലാദപ്രകടനം നടത്തി. ഉപാദികളില്ലാത്ത വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ കാബിനറ്റിന് അംഗീകാരം നല്‍കിയത്. ഈജിപ്റ്റിന്റെ സമവായ നീക്കം അംഗീകരിച്ചാണ് തീരുമാനമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഹമാസും വെടിനിര്‍ത്തിയതായി അറിയിച്ചു. രക്ത രൂക്ഷമായ സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 232 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ പന്ത്രണ്ടും.
സംഘര്‍ഷം നീണ്ടുപോകുന്നതിനിടെ അമേരിക്കയും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. അമേരിക്കയും ഇസ്രയേല്‍ സൈനിക സന്നാഹത്തില്‍ കാര്യമായ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. വൈകാതെ സമാധാനത്തിലേക്കുള്ള പ്രഖ്യാപനവുമുണ്ടായി. സംഘര്‍ഷത്തിന്റെ 11-ാം ദിവസമായ ഇന്നലെ ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണവും തുടര്‍ന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒരു പലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് പട്ടണത്തിലും ദേറല്‍ ബലാ പട്ടണത്തിലുമാണ് ഇന്നലെ പുലരും മുന്‍പേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഗാസാ സിറ്റിയിലെ ഒരു വാണിജ്യകേന്ദ്രത്തിലും ശക്തമായ മിസൈലാക്രമണമുണ്ടായി. ഇസ്രായേലിക്ക് ഹമാസ് നടത്തിയ ആക്രമണങ്ങളാണ് ഇസ്രായേലിനെ പ്രകോപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 1710 പേര്‍ക്കു പരുക്കേറ്റു. 58,000 പലസ്തീന്‍കാര്‍ പലായനം ചെയ്തു. ഗാസയിലെ 50 ല്‍ ഏറെ സ്കൂളുകള്‍ക്കും നാശമുണ്ടായി. റോക്കറ്റാക്രമണങ്ങളില്‍ ഇസ്രയേലില്‍ ഒരു കുട്ടിയടക്കം 12 പേര്‍ കൊല്ലപ്പെട്ടു.