തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കൊറോണ വാക്സിനേഷന് കേന്ദ്രമായി ഉപയോഗിക്കും. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. സത്യപ്രതിജ്ഞയ്ക്കായി 80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റന്‍ പന്തലാണ് നിര്‍മിച്ചത്. 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പന്തല്‍.
സ്റ്റേഡിയത്തില്‍ തത്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ പന്തല്‍ പൊളിച്ചുകളയരുതെന്നും കൊറോണ വാക്സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. എസ്.എസ്.ലാല്‍ ആവശ്യപ്പെട്ടിരുന്നു.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ നിരവധിപേര്‍ തിക്കിത്തിരക്കിയാണ് വാക്സിനേഷന് സ്വീകരിക്കാനെത്തുന്നത്. ഈ തിരക്ക് രോഗവ്യാപനത്തിനിടയാക്കുമെന്ന പരാതിയുണ്ടായിരുന്നു. ഇവകൂടി പരിഗണിച്ചാണ് പന്തല്‍ കൊറോണ വാക്സിനേഷന് കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.