കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതം; വ്യാവസായിക അപകടം: മുൻ നൊബേല്‍ ജേതാവ്

പാരിസ്: കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതവും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും മുൻ നൊബേല്‍ സമ്മാന ജേതാവ്. എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞനായ ലുക് മൊണ്ടേനിയറാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഫ്രഞ്ച് വൈറോളജിസ്റ്റായ മൊണ്ടേനിയര്‍ക്ക് 2008ൽ മറ്റു രണ്ട് പേര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടെ ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തായതെന്ന് ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊറോണ വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കൊറോണ ചൈന അറിഞ്ഞുകൊണ്ട് കാരണക്കാരിയിട്ടുണ്ടെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് വ്യക്തമാക്കിയത്. കൊറോണ
വ്യാപനം ചൈനയില്‍ തടയാമായിരുന്നു. എന്നാല്‍ ചൈന അത് ചെയ്തില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ദുരന്തമുഖത്താണെന്നും ട്രംപ് പറഞ്ഞു.