രണ്ടാം ഇടത് മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ;ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് ലോക്ഡൗണും തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‌ക്കേ 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങ് നിയമ ലംഘനമാണെന്ന് ആരോപിച്ചാണ് ഹര്‍ജി.

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത് ഉറപ്പ് വരുത്തണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പ് വരുത്താന്‍ ചീഫ് സെക്രട്ടറിക്കും ദുരന്ത നിവാരണ അതോറിറ്റിക്കും നിര്‍ദേശം നല്‍കണം. ചികിത്സാ നീതി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ കെ ജെ പ്രിന്‍സ് ആണ് ഹര്‍ജി നല്‍കിയത്.

വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് അഭിഭാഷകനായ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്നിവര്‍ കത്ത് നല്‍കിയിട്ടുമുണ്ട്.

സുപ്രീംകോടതിക്ക് മുന്‍പിലും സത്യപ്രതിജ്ഞ ചടങ്ങ് ചോദ്യം ചെയ്തുള്ള ഹര്‍ജി എത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് ഇ്ന്ന് തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന പ്രത്യേക അപേക്ഷയും ഹര്‍ജ്ജിയോടൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്. ഭാരത സര്‍ക്കാര്‍,കേരള സര്‍ക്കാര്‍, കേരള ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജ്ജി ഫയല്‍ ചെയ്തിട്ടുള്ളത്.