വാട്‌സ് ആപ്പ് പ്രൈവസി പോളിസി; ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരെന്ന് കേന്ദ്ര സര്‍ക്കാര്‍; അക്കൗണ്ടുകള്‍ ഡീലീറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടില്ലെന്ന് വാട്‌സ് ആപ്പ്

ന്യൂഡെല്‍ഹി: സോഷ്യല്‍ വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ക്ക് എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇത് സ്ഥീരികരിക്കുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനോട് വിശദീകരണം തേടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികള്‍ പരിഗണിക്കുവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവിരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മെയ് 15മുതല്‍ വാട്‌സ് ആപ്പിന്റെ പുതി സ്വകാരതാ നയം നിലവില്‍ വന്നിരുന്നു.

അതേസമയം സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് കോടതിയില്‍ അറിയിച്ചു. നയത്തെക്കുറിച്ച് ഉപയോക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒരേസമയം ലോകത്താകമാനമുള്ള അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ഓരോ അക്കൗണ്ടുകളായി പരിശോധിച്ചാകും നടപടിയെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.

വിഷയത്തില്‍ അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ കേന്ദ്രത്തിനും ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും കോടതി നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന് കത്തയച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിലെ ഉപയോക്താക്കളോട് വാട്‌സ് ആപ്പ് പെരുമാറുന്നത് യൂറിപ്പിലെ ഉപയോക്താക്കളോട് പെരുമാറുന്നതില്‍ നിന്ന് വ്യത്യസ്തമായാണെന്നും പുതിയ സ്വാകാര്യതാ നയത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസുകള്‍ പരിഗണിക്കുന്നത് കോടതി ജൂണ്‍ മൂന്നിലേക്ക് മാറ്റി.