ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയെ മനുഷ്യൻ അതിജീവിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് കൊറോണ വൈറസിനെതിരായി വിവിധ മേഖലകളിലുള്ളവരുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മോദി ഇങ്ങനെ പറഞ്ഞത്.
കൊറോണയ്ക്ക് എതിരെ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്. തീർച്ചയായും മനുഷ്യർ ഈ മഹാമാരിയെ അതീജീവിക്കുകതന്നെ ചെയ്യും, മോദി ട്വിറ്ററിൽ പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.
കൊറോണയ്ക്ക് എതിരെ പോരാടുന്ന എല്ലാ ഇന്ത്യക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്സർലാൻഡിലെ മാറ്റർഹോൺ പർവതത്തിൽ 1000 മീറ്ററോളം വലിപ്പത്തിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇന്ത്യൻ എംബസിയുടെ ട്വീറ്റ്.ഇതുകൂടാതെ, കോറോണ വൈറസിനെതിരായി വിവിധ വകുപ്പുകളും മന്ത്രിമാരും നടത്തുന്ന പോരാട്ടങ്ങളെയും ലോക്ക്ഡൗണിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചുകൊണ്ടും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു. ഇത്തരമൊരു ആപൽസന്ധിയിലും അവർ നിരന്തരം ജനങ്ങളെ സഹായിക്കുന്നു’, എന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായി മോദി കുറിച്ചു.