ന്യൂഡെൽഹി: കൊറോണ പരിശോധനക്കുറവ്, വാക്സിനേഷന് വേഗതക്കുറവ്, വാക്സീന് ലഭ്യതക്കുറവ് എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ കൊറോണ വകഭേദങ്ങൾ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് സമിതിയുടെ തലവനും പ്രമുഖ വൈറോളജിസ്റ്റുമായ ഷാഹിദ് ജമീല്‍ രാജിവെച്ചു. കൊറോണവൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും സര്‍ക്കാറിന് നിര്‍ദേശം നല്‍കാനുമാണ് ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജെനോമിക്സ് കണ്‍സോര്‍ഷ്യം സര്‍ക്കാര്‍ രൂപീകരിച്ചത്.
താന്‍ ചെയ്തത് ശരിയായ കാര്യമാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഷാഹിദ് ജമീല്‍ പറഞ്ഞു. രാജിക്ക് ഒരു കാരണം പറയാന്‍ തനിക്ക് ബാധ്യതയില്ലെന്ന് അദ്ദേഹം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഷാഹിദ് ജമീലിന്റെ രാജിയില്‍ ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ അടിത്തറയിലൂന്നിയ നയരൂപീകരണത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.
കൊറോണ പരിശോധനക്കുറവ്, വാക്സിനേഷന് വേഗതക്കുറവ്, വാക്സീന് ലഭ്യതക്കുറവ് എന്നീ വിഷയങ്ങളും ഷാഹിദ് ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ വിവരശേഖരണത്തിലും അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചു. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് 800ഓളം ശാസ്ത്രജ്ഞന്മാര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാര്‍ച്ച് തുടക്കത്തില്‍ തന്നെ വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.