തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ; സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി നടത്തുന്നതിനെതിരേ പ്രതിഷേധം; ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ ജനം പൊറുതിമുട്ടുന്നതിനിടെ പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി നടത്തുന്നതിനെതിരേ പല കോണുകളിലും വിമർശനം ശക്തമായതോടെ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കുമെന്ന് പറയുന്ന സർക്കാർ തന്നെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നത് ഏറെ വിരോധാഭാസമാണെന്നരിക്കെയാണ് വിമർശനം ശക്തമായത്.

മൃഗീയ ഭൂരിപക്ഷത്തിൻ്റെ മറവിൽ പ്രതിഷേധത്തെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നതായാണ് ഉയർന്നു വരുന്ന ആക്ഷേപം. ഒരു വശത്ത് മഹാമാരിയുടെ അതിപ്രസരം മൂലം മരണങ്ങൾ പെരുകുന്നു. മറുവശത്ത് കാറ്റും മഴയും കടലാക്രമണവും അടക്കം ജനജീവിതം ദു:സഹമായിരിക്കെ ചടങ്ങ് ആഘോഷമാക്കുന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്.

സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കം സത്യപ്രതിജ്ഞ ആഘോഷമാക്കുന്നതിന് എതിരേ രംഗത്ത് വന്നിരുന്നു. ഐഎംഎയും ചടങ്ങ് വിർച്ചലായി നടത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകളെ കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. മെയ് 20 ന് നടക്കുന്ന ചടങ്ങിൽ 750 പേരെ പങ്കെടുപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളുകളെ ചുരുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് 20 ന് വൈകിട്ട് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സാമൂഹ്യ, സാംസ്കാരിക, മതമേലധ്യക്ഷൻമാരടക്കുള്ളവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണമുണ്ട്.