കോവിഡ്, ട്രിപ്പിള്‍ ലോക് ഡൗണ്‍, മഴക്കെടുതി;വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്; സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ മുന്നറിയിപ്പും വിമര്‍ശനവുമായി ബിനോയ് വിശ്വം

കൊച്ചി: പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമായിരിക്കെ ചടങ്ങ് വിപുലമായി നടത്തുന്നതിനെതിരേ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വവും രംഗത്ത്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്താനുള്ള തീരുമാനത്തിനെതിരെയാണ് ബിനോയ് വിശ്വം രംഗത്തെത്തിയിരിക്കുന്നത്.

കൊറോണയും, ലോക്ഡൗണും, മഴക്കെടുതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിലുപമാക്കേണ്ടതുണ്ടോയെന്നാണ് ബിനോയ് വിശ്വം ചോദിക്കുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് വിശ്വത്തിന്റെ ചോദ്യം. മന്ത്രിമാരും രണ്ട് കുടുംബാഗങ്ങളും ഉള്‍പ്പെടെ അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി ചടങ്ങ് ചുരിക്കി കൂടെയെന്നും അദ്ദേഹം ആരായുന്നു. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ ജനങ്ങള്‍ മാനിക്കുകയെ ഉള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു വയ്ക്കുന്നു.

കൊറോണ വ്യാപനം ശക്തമായി തുടരുകയും ചടങ്ങ് നടക്കുന്ന തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിരവധി ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

സത്യാപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കുന്നതിന് എതിരേ കോൺഗ്രസ് നേതാവ് എസ് എസ് ലാലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകവും രംഗത്ത് വന്നിരുന്നു. അതിനിടെ ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വിപുലമായ ഒരുക്കങ്ങളാണ് കൊറോണക്കാലത്തും പുരോഗമിക്കുന്നത്.

ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങില്‍ 800പേരെ പങ്കെടുപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള ഒരു അംഗം ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങിനെ..

‘കോവിഡ്, ട്രിപ്പിള്‍ ലോക് ഡൗണ്‍, മഴക്കെടുതി …
ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മന്ത്രിമാര്‍, രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം?
നമ്മുടെ ഗവണ്മെന്റിനെ അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂ.

നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്.
ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
പ്രിയംകരനായ മുഖ്യമന്ത്രിക്ക് ഇത്
മനസിലാകുമെന്ന് ഉറപ്പുണ്ട്. ‘