തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബിക്കടലിലെ ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളില്‍ മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പുണ്ട്.
ടൗട്ടേ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി വരെ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും രൂക്ഷമാണ്. വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
2021 മെയ് 15 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
2021 മെയ് 16 : എറണാകുളം, ഇടുക്കി, മലപ്പുറം.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി മീ മുതൽ 204.4 മി മീ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2021 മെയ് 17 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം.
2021 മെയ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി.
2021 മെയ് 19 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
എന്നീ ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 മി മീ മുതൽ 115 മി മീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂർ നേരത്തേക്ക് കേരളത്തിൽ ശക്തമായിരിക്കും എന്നത് കൊണ്ട് തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ അതിശക്തമായ കാറ്റും തുടരും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക.