ന്യൂഡെൽഹി: കൊറോണ പ്രതിസന്ധിയിൽ കഴിയുന്ന ഇന്ത്യയെ സഹായിച്ച് ലോകരാജ്യങ്ങൾ. ഖത്തർ, ദക്ഷിണ കൊറിയ, കസാകിസ്താൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നെല്ലാം മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തി. 200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 40 വെന്റിലേറ്ററുകൾ, 4300 റെംഡിസിവിർ എന്നിവയാണ് ഖത്തർ ഇന്ത്യയ്ക്ക് കൈമാറിയത്.
അടിയന്തര ഘട്ടത്തിൽ സഹായം അനുവദിച്ച ഖത്തർ അമീർ ശൈഖ് തമീമിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി നന്ദി അറിയിച്ചു. കുവൈറ്റും ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഖത്തറിൽ നിന്നും കുവൈറ്റിൽ നിന്നുമുള്ള സഹായ വസ്തുക്കളുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ മാഗ്ലൂർ തുറമുഖത്തെത്തി.
കുവൈറ്റ് 40 മെട്രിക് ടൺ ഓക്സിജൻ ആണ് നൽകിയത്. കാനഡയിൽ നിന്ന് 300 വെന്റിലേറ്ററുകൾ എത്തി. ദക്ഷിണ കൊറിയയിൽ നിന്ന് 10000 കൊറോണ പരിശോധന കിറ്റുകളും മറ്റുമാണ് വിമാനത്തിൽ എത്തിയത്. കസാകിസ്താൻ 56 ലക്ഷം മാസ്‌ക് ഇന്ത്യയിലേക്ക് അയച്ചു. എല്ലാ രാജ്യങ്ങളോടും ഇന്ത്യയ്ക്കുള്ള കടപ്പാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.